Society Today
Breaking News

ന്യൂഡല്‍ഹി: ബഹാരാകാശനേട്ടങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി ഇന്ത്യ.ചന്ദ്രയാന്‍ ദൗത്യം പൂര്‍ണ്ണ വിജയം.ഐ.എസ്.ആര്‍.ഒ പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ കൃത്യസമയത്ത് ഇന്ത്യയുടെ പേടകം ചന്ദ്രോപരിതലം സ്പര്‍ശിച്ചു.ചായന്ദ്രയാന്‍ ദൗത്യം വിജയിച്ചതായി ഐ.എസ്.ആര്‍.ഒ സ്ഥിരീകരിച്ചതോടെ രാജ്യമെങ്ങും ആഘോഷത്തിലമര്‍ന്നു.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകുന്നേരംെ 5.45 ന് തുടങ്ങിയ  ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. വൈകിട്ട് 6.03നായിരുന്നു ലാന്‍ഡിങ്.ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.  

ഇതിനുമുന്‍പു ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിനു (ഇസ്ട്രാക്) കീഴിലെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലാണ് ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് നിരീക്ഷിച്ചത്. പേടകത്തിന്റെ ആന്തരികഘടകങ്ങള്‍ ഉള്‍പ്പെടെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലെ ഗവേഷകര്‍ പരിശോധിച്ചു വിലയിരുത്തിയിരുന്നു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമിയില്‍ സ്വപ്നം കണ്ടത് രാജ്യം ചന്ദ്രനില്‍ നടപ്പാക്കിയെന്നും ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്റേതാണെന്നും ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
 

Top